Search

തൃശ്ശൂരിൽ വിശ്വാസി ഹൃദയങ്ങളിൽ ആത്മമാരി പെയ്തിറങ്ങിയ സംഗീത സായാഹ്നം


തൃശ്ശൂർ: നിരവധി ക്രിസ്തീയ സംഗീത പരിപാടികൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള തൃശ്ശൂർ പട്ടണത്തിൽ ഡിസംബർ 9-ന് നടന്ന സംഗീത ശുശ്രൂഷ അക്ഷരാർത്ഥത്തിൽ വേറിട്ടൊരു അനുഭവമായി മാറി. വിവിധ സഭകളുടെ ആഭിമുഖ്യത്തിൽ പറവട്ടാനി ശാരോൺ ചർച്ച് ഗ്രൗണ്ടിലാണ് സംഗീത പരിപാടിക്ക്‌ വേദിയൊരുക്കിയത്. ലോകമെങ്ങും സംഗീതത്തിലൂടെ ക്രൈസ്തവ സന്ദേശം അറിയിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത ഗായിക സിസ്റ്റർ പെർസിസ് ജോൺ നയിച്ച സംഗീത ആരാധന ഹൃദയങ്ങളിൽ ആത്മമാരി പെയ്തിറങ്ങിയ അനുഭവമായെന്ന് പങ്കെടുത്ത വിശ്വാസികളും ശുശ്രൂഷകരും അഭിപ്രായപ്പെട്ടു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ജില്ലയുടെ ഉൾ ഗ്രാമങ്ങളിൽനിന്നും ദൈവജനം നേരത്തെയെത്തി. പ്രോഗ്രാം ആരംഭിച്ച് മിനിറ്റുകൾക്കകം ഗ്രൗണ്ടും പരിസരവും നിറഞ്ഞുകവിഞ്ഞു. ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി. മാത്യു സംഗീത പരിപാടി പ്രാർത്ഥിച്ചു ദൈവകരങ്ങളിൽ സമർപ്പിച്ചു. സിസ്റ്റർ പെർസിസ് ജോൺ ഒരു മണിക്കൂറിലധികം സമയം വിശ്രമമില്ലാതെ ഗാനങ്ങൾ ആലപിക്കുകയും ആരാധനയിലേക്കും സമർപ്പണത്തിലേക്കും ജനത്തെ നയിക്കുകയും ചെയ്തു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെതു പോലെ ശ്രോതാക്കൾ ഒന്നടങ്കം നൃത്തം ചെയ്തു ആരാധിക്കുന്നത് പ്രകടമായില്ലെങ്കിലും ദീർഘസമയം സ്ഥലം മറന്ന് ദൈവജനം ആരാധിച്ചത് തൃശൂരിൽ വലിയ ആത്മീയ ചലനം സൃഷ്ടിക്കാൻ കാരണമായി. പെന്തെകോസ്ത് വിശ്വാസികളെ കൂടാതെ കത്തോലിക്കർ ഉൾപ്പെടെ ഇതര ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ള അനേകർ പ്രോഗ്രാമിൽ പങ്കെടുത്തു. ആത്മ പകർച്ചയുടെ ശക്തമായ ഒഴുക്കിൽ പലരും രക്ഷാ നിർണ്ണയം പ്രാപിക്കുകയും പരിശുദ്ധാത്മ അഭിഷേകം പ്രാപിക്കുവാനും സ്നാനം ഏൽക്കുന്നതിന് തീരുമാനിച്ചതായും സാക്ഷ്യങ്ങൾ വെളിപ്പെടുത്തുന്നു ഗായകരായ ജയ്സൺ പഴഞ്ഞിയും ജിയോ ആലുക്കലും അതിമനോഹരമായി ഗാനങ്ങൾ ആലപിച്ചു. എം. ഇ. ചെറിയാൻ,കെ. വി.സൈമൺ സാർ, ചാൾസ് ജോൺ തുടങ്ങിയ പ്രശസ്ത ഗാനരചയിതാക്കളുടെ അനുഭവമായ ഗാനങ്ങളാണ് ആലപിച്ചത്. ഉപകരണ വാദകൻ കൂടെയായ ജിയോ സാക്സോ ഫോണിലൂടെ വായിച്ച ഗാനങ്ങൾ ഹൃദയ നിറവായി. സംഗീത സംവിധായകൻ റോണി നൊപ്പം ജുനു, ജോസ് പൂമല, സുബിൻ, സ്റ്റെഫി എന്നിവർ ഓർക്കസ്ട്ര നയിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ബ്രദർ ടോണി ഡി. ചെവ്വൂക്കാരൻ അവതരണം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ പാസ്റ്റർ ബിജു ജോസഫ് സ്വാഗതം പറഞ്ഞു. പാസ്റ്റർമാരായ സിജെ ശാമുവേൽ, തോമസ് ചാക്കോ എന്നിവർ പ്രാർത്ഥന നയിച്ചു. ബ്രദർ സക്കറിയ മണ്ടും പാൽ, പാസ്റ്റർ വി.എ. ജോയ് , പാസ്റ്റർ ബെൻ റോജർ , വിനോദ് ബേബി തുടങ്ങിയവർ നേതൃത്വം നൽകി.