Search

ദി പെന്തെക്കോസ്ത് മിഷൻ സഭയ്ക്ക് പുതിയ നേതൃത്വം: സഭയുടെ പരമാധ്യക്ഷനായി ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ ,


ബെംഗളുരുചെന്നൈ: ലോകത്തിലെ 65-ൽ പരം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്നതും  ഇന്ത്യയിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ പരമാധ്യക്ഷനായി ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്ററായി പാസ്റ്റർ . എം.റ്റി.തോമസ് എന്നിവർ നിയമിതരായി. അസിസ്റ്റന്റ് ഡപ്യൂട്ടി ചീഫ് പാസ്റ്ററായി ജി.ജെയം തുടരും. നിത്യതയിൽ ചേർക്കപ്പെട്ട ചീഫ് പാസ്റ്റർ എൻ. സ്റ്റീഫന്റെ ഒഴിവിലേക്കാണ് പാസ്റ്റർ ഏബ്രഹാം മാത്യു നിയമിതനായത്. ചെന്നൈ ഇരുമ്പല്ലിയൂർ സഭാ ആസ്ഥാനത്ത്  പാസ്റ്റർ എൻ സ്റ്റീഫന്റെ സംസ്കാര ശുശ്രൂഷകൾക്കിടയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നും കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും പതിനായിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു. പുതിയതായി നിയമിതരായ ചീഫ് പാസ്റ്റർമാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന ശുശ്രൂഷകർ തങ്ങളെ വിട്ട് പിരിഞ്ഞ ആത്മീയ ഇടയനെക്കുറിച്ച് സാക്ഷ്യങ്ങൾ പ്രസ്താവിച്ചു.സെപ്റ്റംബർ 4 മുതൽ 6 വരെ ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കുന്ന സഭയുടെ അഖിലേന്ത്യാ ശുശ്രൂഷക സമ്മേളനം നാളെ ഉച്ചയോടെ സമാപിക്കും. 

ചീഫ് പാസ്റ്ററായി തെരഞ്ഞെടുത്ത പാസ്റ്റർ ഏബ്രഹാം മാത്യൂ ഹരിപ്പാട് പള്ളിപ്പാട് ആളൂർ പരേതനായ എ.കെ.മാത്യുവിന്റെയും തങ്കമ്മയുടെയും നാലാമത്തെ മകനാണ്.1934ൽ ടി പി എം സഭാ സ്ഥാപകൻ പാസ്റ്റർ. പോൾ സഹപ്രവർത്തകരോടൊപ്പം കായംകുളത്ത് നിന്ന് കൊല്ലത്തേക്ക് ബോട്ടു മാർഗം യാത്ര ചെയ്യുമ്പോൾ ആയിരം തെങ്ങ് ജെട്ടിയിൽ വെച്ച് പെട്ടെന്ന് ബോട്ട് കേടാകുകയും മുന്നോട്ടു പോകുവാൻ സാധിക്കാതെയുമായി. ഈ സമയം പാസ്റ്റർ.പോൾ അവിടെ നിന്ന് പ്രാർഥിച്ചപ്പേൾ പള്ളിപാട്ടെക്ക് പോക എന്ന ദൈവ ശബ്ദം കേൾക്കുവാനിടയായി. ദൈവാത്മാവിന്റെ കല്പന അനുസരിച്ച് അവിടെ നിന്ന് കാൽനടയായി പള്ളിപ്പാട്ടേയ്ക്ക് യാത്രയായി. ക്ഷീണിതനായി അവിടെ ചെന്ന് റോഡരുകിൽ ഇരുന്ന് താനും കൂട്ട് സഹോദരി സഹോദരന്മാരും ചേർന്ന് വയലിൻ , ടാമറിൻ, തുടങ്ങിയ സംഗീതാപകരണങ്ങൾ വെച്ച് പാട്ട് പാടിക്കൊണ്ടിരിക്കുബോൾ ആളൂർ വീട്ടിലിരുന്ന് പാട്ടുകേട്ട കൊച്ചുകുഞ്ഞ് സഹോദരൻ മകൻ എ.കെ.ഫിലിപ്പോസിനെ വിട്ട് റോഡരുകിൽ പാടിക്കൊണ്ടിരുന്ന പാസ്റ്റർ പോളിനെയും കൂട്ടരെയും വീട്ടിലേക്ക് ക്ഷണിക്കുകയും സ്നേഹപൂർവ്വം സൽക്കരിക്കുകയും ചെയ്തു. പാസ്റ്റർ പോൾ ആദ്യമായ് കാൽ വെച്ച ആളൂർ കുടുംബത്തിൽ നിന്നുള്ളതാണ് ചീഫ് പാസ്റ്ററായി നിയമിതനായ പാസ്റ്റർ. ഏബ്രഹാം മാത്യു .1966-ൽ സിംഗപ്പൂരിൽ ജനിച്ചു വളർന്ന അദ്ദേഹം ചെറുപ്രായം മുതൽ ബൈബിൾ ധാരാളം വായിക്കുക പതിവായിരുന്നു. തന്റെ പിതാവ് സിംഗപൂർ പോലീസ് ഡിപാർട്മെന്റിലും മാതാവ് നേഴ്‌സിങ്ങ് രംഗത്തും പ്രവർത്തിച്ചിരുന്നു. ചെറുപ്രായം മുതൽ സുവിശേഷ വേല ചെയ്യുവാൻ അതീവ തല്പരനായിരുന്ന താൻ ദൈവവിളിയുസരിച്ച് 1986 ൽ മലേഷ്യയിൽ വെച്ച് പെന്തെക്കോസ്ത് മിഷൻ ശുശ്രൂഷകനായി. മലേഷ്യ, സിംഗപൂർ, ഓസ്ട്രേലിയ, ലണ്ടൻ തുടങ്ങി സ്ഥലങ്ങളിൽ സഭയുടെ സെന്റർ പാസ്റ്ററായി സേവനം അനുഷ്ഠിച്ചിരുന്നു.2015 മുതൽ സഭയുടെ ഡപ്യൂട്ടി ചീഫ് പാസ്റ്ററായിരുന്നു.

ഡപ്യൂട്ടി ചീഫ് പാസ്റ്ററായി നിയമിതനായ പാസ്റ്റർ എം.റ്റി.തോമസ് തൃശൂർ ജില്ലയിൽ ആൽപ്പാറ മായാലിൽ വീട്ടിൽ മേൽപാടം സ്വദേശികളായ  പരേതരായ തോമസ് വർഗീസിന്റെയും മറിയാമ്മയുടെയും ഒൻപത് മക്കളിൽ മൂന്നാമത്തെ മകനാണ്. 1973-ൽ ദൈവവിളിയനുസരിച്ച് തൃശൂർ ആൽപ്പാറയിൽ നിന്നും പെന്തെക്കോസ്ത് മിഷൻ സഭാ ശുശ്രൂഷകനായി തീരുകയും പിന്നീട് പരിശീലനത്തിനായി ചെന്നൈ അഡയാർ ഫെയ്ത്ത് ഹോമിലേക്ക് പോയിരുന്നു. നിത്യതയിൽ ചേർക്കപ്പെട്ട ചീഫ് പാസ്റ്റർ എ.സി.തോമസിന്റെ കൂടെയുള്ള വിശ്വാസ വീട്ടിലെ പരിശീലനം അദ്ദേഹത്തിന് ആത്മപ്രചോദനം നൽകി. പിന്നീട് മലേഷ്യാ, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, കൊട്ടാരക്കര, നാഗർകോവിൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1991 ൽ പാസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കൺവൻഷൻ പ്രസംഗകനായി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സന്ദർശിച്ചിട്ടുണ്ട്.അഡയാർ സെന്റർ പാസ്റ്ററായിരിക്കവെയാണ് തനിക്ക് ഡപ്യൂട്ടി ചീഫ് പാസ്റ്റർ പദവി ലഭിച്ചത്.

അസിസ്റ്റൻറ് ഡപൂട്ടി ചീഫ് പാസ്റ്ററായി 2014 മുതൽ ചുമതല വഹിക്കുന്ന പാസ്റ്റർ ജി.ജെയം ശ്രീലങ്കൻ സ്വദേശിയാണ്. സഭയുടെ ചെന്നൈ രാജ്യാന്തര കൺവൻഷനിലും കേരളത്തിലെ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷനിലും പ്രാസംഗികനാണ്. തനിക്ക് ലഭിച്ചിരിക്കുന്ന സഭയുടെ ഔദ്യോഗിക പഥവിയിൽ നിന്ന് ഉന്നത പഥവി വേണ്ട എന്ന് ചീഫ് പാസ്റ്ററെ അറിയിച്ചതിനാലാണ് 2014 മുതൽ അസിസ്റ്റന്റ് ഡപ്യൂട്ടി ചീഫ് പാസ്റ്ററായി അദ്ദേഹം തുടരുന്നത്. ടി പി എം സഭയുടെ ഭരണാധികാരികളെ ഇലക്ഷനോ വോട്ടിംങ്ങ് അടിസ്ഥാനത്തിലുമല്ല തെരഞ്ഞെടുക്കുന്നത്. 1984 ൽ കേന്ദ്ര സർക്കാരുമായ് ഒരു നിയമാവലി രജിസ്ട്രർ ചെയ്തിട്ടുണ്ട്. നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർമാരായ സി.കെ. ലാസറസ്, എം.ഒ.പോൾ, ജോയ് തോമസ്, ഫിലിപ്പ് എന്നിവർ ചേർന്ന് 1993 ൽ  നിയമാവലി ഒരിക്കൽ കൂടെ ഭേദഗതി ചെയ്യുകയുണ്ടായി. അതനുസരിച്ച് ചീഫ് പാസ്റ്റർ അന്തരിച്ചാൽ സ്വതവെ ഡപ്യൂട്ടി ചീഫ് പാസ്റ്റർ ചീഫ് പാസ്റ്ററാകുകയും അസിസ്റ്റൻറ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ഡപ്യുട്ടി ചീഫ് പാസ്റ്ററായും നിയമിതനാകും. അസിസ്റ്റന്റ് ഡപ്യൂട്ടി ചീഫ് പാസ്റ്ററെ തെരഞ്ഞെടുക്കവാൻ ചീഫ് പാസ്റ്റർ മരണമടയുന്നതിനു മുന്നെ കർത്താവ് ആരെയാണൊ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് ആ പേര് രഹസ്യമായി സൂക്ഷിക്കും. അപ്പൊസ്തലിക പ്രതിഷ്ഠയും വിശ്വാസ ജീവിതവുമാണ് സഭയുടെ പ്രത്യേകത.അപ്പൊസ്തലിക പ്രതിഷ്ഠയും വിശ്വാസ ജീവിതവുമായ് തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനിച്ച രാമൻകുട്ടി എന്ന പാസ്റ്റർ.പോൾ 1924ൽ ശ്രീലങ്കയിൽ സിലോൺ പെന്തെക്കോസ്ത് മിഷൻ എന്ന പേരിൽ സ്ഥാപിച്ച സഭയാണ് ഇന്ന് ദി പെന്തെക്കോസ്ത് മിഷൻ എന്ന പേരിലറിയപ്പെടുന്നത്. സഭയുടെ കേരളത്തിലെ ആസ്ഥാന മന്ദിരം കൊട്ടാരക്കരയിലും ഇന്ത്യയിൽ ചെന്നൈ ഇരുമ്പല്ലിയൂരിലും ശ്രീലങ്കയിൽ മട്ടക്കുളിയിലും അമേരിക്കയിൽ ന്യൂ ആർക്കിലുമാണ്.