Search

പാസ്റ്റർ രാജൻ വർഗ്ഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു.


ഡാളസ്: തിരുവല്ല ആഞ്ഞിലിത്താനം നെടുമ്പറ പുത്തൻ പുരയിൽ പാസ്റ്റർ രാജൻ വർഗ്ഗീസ് (64) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒന്നര വർഷമായി അർബുദരോഗബാധിതനായി ചികിത്സയിലായിരിക്കവെ മെയ് 11 നു വൈകിട്ട് നാലുമണിയോടെ ആണു അന്ത്യം.

ഭാരതസുവിശേഷീകരണത്തിൽ ഏറെ തല്പരനായിരുന്ന പാസ്റ്റർ വർഗ്ഗീസ് 1976-1995 വരെ ജമ്മു-കാശ്മീരിൽ സുവിശേഷവേല ചെയ്തിരുന്നു. ഉത്തര ഭാരതത്തിലെ ശുശ്രൂഷാനന്തരം ഐ. പി.സി. പുല്ലാട്, വേങ്ങൽ, പൂവത്തൂർ, മുണ്ടിയപ്പള്ളി, ചെങ്ങരൂർ എന്നിവിടങ്ങളിലും സഭാപരിപാലനത്തിൽ ആയിരുന്നു. 2001-ൽ അമേരിക്കയിലേക്ക് കുടിയേറി പാർത്തശേഷം 2002 -ൽ ഹ്യൂസ്റ്റൺ ഇൻഡ്യാ ക്രിസ്ത്യൻ അസംബ്ലിയുടെ ശുശ്രൂഷകനായും, ഇപ്പോൾ ഐ. പി. സി. ബെഥേൽ സഭയുടെ അസോസിയേറ്റ് പാസ്റ്റർ ആയും സേവനം അനുഷ്ഠിച്ചുവരിക യായിരുന്നു. ഭൗതീക ശരീരം മെയ് 17 വെള്ളിയാഴ്ച വൈകിട്ട് 6:30 നു ഹ്യൂസ്റ്റൺ ഐ. പി. സി. ഹെബ്രോൻ (4660 S Sam Houston Pkwy E, Houston, TX 77048) സഭാമന്ദിരത്തിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് ഇതേ ആരാധനാലയത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിച്ച് 12:30 യോടെ പെയർലാൻഡിലുള്ള സൗത്ത് പാർക്ക് സെമിത്തേരിയിൽ ഭൗതീകശരീരം സംസ്കരിക്കും.

ആഞ്ഞിലിത്താനം പെനിയേൽ സഭയിലെ ആദ്യകാല വിശ്വാസികളായിരുന്ന പരേതനായ എൻ. ടി. വർഗ്ഗീസിന്റെ മകനാണു ഇദ്ദേഹം. മല്ലപ്പള്ളി വടക്കേകര വീട്ടിൽ വൽസമ്മ രാജൻ ആണു സഹധർമ്മിണി. മക്കൾ: വെസ്ലി, റെക്സി പരേതനു രണ്ടു കൊച്ചുമക്കൾ ഉണ്ട്.

തികഞ്ഞ ദൈവഭക്തനും, പ്രഭാഷകനും ആയിരുന്ന ഇദ്ദേഹത്തിന്റെ വേർപാടിൽ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കും, പ്രിയപ്പെട്ടവർക്കും ക്രിസ്തീയ പ്രത്യാശ നേരുന്നു.

വാർത്ത: പവർവിഷൻ ന്യൂസ്/എബി മാത്യു ഹ്യൂസ്റ്റൺ.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon