Search

വേദനപേറി ശ്രീലങ്ക.



കഷ്ടാനുഭവങ്ങളുടെ ഓർമ്മ ആചരിച്ച് ഉയർപ്പിൻ ദിനത്തിലെ ശുശ്രൂഷകൾക്കിടയിൽ ശ്രീലങ്കയെ ഞെട്ടിച്ചുകൊണ്ട് എട്ട് ഇടങ്ങളിൽ ചാവേറാക്രമണം. 35 വിദേശികൾ ഉൾപ്പെടെ സ്ഫോടനങ്ങളിൽ മരിച്ചവരുടെ സംഖ്യ 207 ആയി ഉയർന്നു. പരിക്കേറ്റവരുടെ സംഖ്യ 500 ലധികം എന്നും അധികാരികൾ. സംഘർഷിതാവസ്ഥ നിലനിൽക്കുന്നതിനാൽ റിപ്പോർട്ടിംഗിൽ മാധ്യമങ്ങൾ മിതത്വം പാലിക്കണമെന്നും ഗവണ്മെന്റ് അധികാരികൾ ആവശ്യപ്പെട്ടു. നാളുകളായി നടന്നു വന്നിരുന്ന ആഭ്യന്തര സംഘർഷ ത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടകുരുതിയാണിത്.

പ്രസിദ്ധമായ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും, പഞ്ചനക്ഷത്ര ഹോട്ടലുകളിലും, ഒരു പാർപ്പിട ശൃംഖലയിലും ഉണ്ടായ സ്ഫോടന പരമ്പരയിൽ മരിച്ചവരുടെ സംഖ്യ ഇനിയും വർദ്ധിക്കുമെന്നാണു സൂചന. ഈസ്റ്റർ ദിന ശുശ്രൂഷയ്ക്ക് ഇടയിലാണു പ്രാദേശിക സമയം രാവിലെ 8:45 നു ആരാധനാലയങ്ങളിൽ സ്ഫോടനം നടന്നതെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച്, നെഗമ്പോ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാട്ടിക്കലോവ സിയോൺ ചർച്ച് എന്നിവിടങ്ങളിലാണു ആദ്യമായി സ്ഫോടനം ഉണ്ടായത്. ഈ മനുഷ്യ കുരുതിയ്ക്ക് നേരിട്ട് ബന്ധമുള്ളവരെന്നു കരുതുന്ന ഏഴ് പേർ പോലീസ് കസ്റ്റഡിയിൽ ആണെന്ന് ശ്രീലങ്കൻ പ്രതിരോധമന്ത്രി റെനിൽ വിക്രമസിംഗെ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനം നടന്ന വിവിധയിടങ്ങളിൽ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന കാഴ്ചകൾ ആണെന്ന് ദൃക്സാക്ഷിവിവരണം. രാജ്യത്ത് വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ബുധനാഴ്ച വരെ അവധി പ്രഖ്യാപിച്ചതായും ഗവണ്മെന്റ് അധികാരികൾ അറിയിച്ചു.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon