Search

ഷെറിൻ മാത്യൂസ് മരണം വളർത്തച്ഛനു ജീവപര്യന്തം തടവ്.ഡാളസ്: നോർത്ത് ടെക്സാസിലെ റിച്ചാർട്സണിൽ നിന്നും 2017 ഒക്ടോബർ 7 നു സ്വന്തം ഭവനത്തിൽ നിന്നു കാണാതാവുകയും, തുടർന്ന് 15 ദിവസത്തിനുശേഷം ഭവനത്തിനു അടുത്തുള്ള ഒരു ഓവുചാലിൽ നിന്നും ജീർണ്ണിച്ച അവസ്ഥയിൽ ശരീരം കണ്ടെത്തുകയും ചെയ്ത ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസ്സുകാരിയുടെ മരണത്തിനു കാരണക്കാരൻ ആയി കേസിൽ കുറ്റാരോപിതനായ വളർത്തച്ഛൻ വെസ്ലി മാത്യൂസി നെ ജീവപര്യന്തം തടവിനു വിധിച്ചു. നാലു സ്ത്രീകളും, എട്ട് പുരുഷന്മാരും അടങ്ങിയ 12 അംഗ ജൂറി ആണു കേസിന്റെ വാദം കേട്ടത്. യു. എസ്. ജുഡീഷ്യൽ 282-ഡിസ്ട്രിക്ട് കോടതി ജഡ്ജി ആംബർ ഗിവൺസ്-ഡേവിസ് ആണു ബുധനാഴ്ച ഉച്ചകഴിഞ്ഞു 12 അംഗ ജൂറിയുടെ ഐക്യകണ്ഠേനയുള്ള വിധി വായിച്ചത്. വിധി പ്രസ്താവനയിലും, ചോദ്യോ ത്തരവേളയിലും പ്രതി വെസ്ലി മാത്യൂസ് വൈകാരികമായ ഒരു ഭാവഭേദം കാട്ടിയില്ല എന്ന പരാതി പരക്കെ ഉയർന്നിരുന്നു. ജൂൺ 24 തിങ്കളാഴ്ച രാവിലെ കേസ് വിസ്താരണത്തിനു മുൻപ് കർത്തവ്യ വിലോപം മൂലം കുട്ടിയെ പരിക്കേല്പിച്ചു എന്ന കുറ്റം വെസ്ലി മാത്യൂസ് സ്വയം ഏറ്റെടുത്തു. മൃതദേഹം അഴുകിയ അവസ്ഥയിൽ ആയിരുന്നതിനാൽ മരണകാരണം പൂർണ്ണമായി നിശ്ചയിക്കുവാൻ കഴിയില്ലെന്ന് പോസ്റ്റ്മാർട്ടം ചെയ്ത മെഡിക്കൽ എക്സാമിനർ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ അവസ്ഥയിൽ സംശയരഹിതമായി കുലപാതക കുറ്റം ചുമത്താനുള്ള തെളിവുകൾ ഒന്നും പ്രോസിക്യൂഷനു ഇല്ലാത്തതിനാൽ അതോടെ കൊലക്കേസ് പ്രോസിക്യൂഷൻ ഒഴിവാക്കിയിരുന്നു. വാദവിസ്താരങ്ങളുടെ ഭാഗമായി കുറ്റാരോപിതനായ വെസ്ലി മാത്യുസ് കോടതിയിൽ മൊഴി രേഖപ്പെടുത്തി. കുട്ടിയ കാണാതെ ആകുന്ന ദിവസം അതിരാവിലെ പാലു കുടിക്കുന്ന വഴി തൊണ്ടയിൽ പാലു കുരുങ്ങി ശ്വാസ തടസം ഉണ്ടായ കുഞ്ഞിനു ശ്വാസോച്ഛാസം നൽകുവാൻ താൻ ശ്രമിച്ചുവെന്നും, എന്നാൽ തന്റെ കൈകളിൽ ഇരുന്നു തന്നെ ഷെറിൻ അബോധാവസ്ഥയിൽ ആയെന്നും വെസ്ലി മാത്യൂസ് കോടതിയിൽ മൊഴി നൽകി. കുഞ്ഞിനു എന്തു സംഭവിച്ചു എന്ന് പകച്ചു നിന്നതിനാലും, എന്തു ചെയ്യണമെന്ന് അറിയാത്തതിനാലും, ഉറങ്ങി കിടന്ന തന്റെ ഭാര്യയെ ഉണർത്തി കുഞ്ഞിന്റെ നിശ്ചലശരീരം കാണിക്കണ്ട എന്നു തീരുമാനിച്ചതിനാലും ആണു താൻ സഹായം തേടാതെയിരുന്നതെന്നു വെസ്ലി മൊഴി നൽകി. കുഞ്ഞ് മരിച്ചു എന്ന് അംഗീകരിക്കാൻ വയ്യാത്തതിനാൽ കുട്ടിയുടെ ശരീരം നീല പ്ലാസ്റ്റിക് ബാഗിലാക്കി ഒരു കലുങ്കിനോടു ചേർന്ന ഓവുചാലിൽ വെയ്ക്കുകയായിരുന്നു എന്ന് വെസ്ലി പറഞ്ഞു. കുഞ്ഞു ഒരു പക്ഷേ ജീവിതത്തിലേക്ക് മടങ്ങി വരുമായിരിക്കുമെന്ന് താൻ ഓർത്തിരുന്നതായും മൊഴിയിൽ പറഞ്ഞു. കുഞ്ഞിനെ കൊണ്ടു ഉപേക്ഷിക്കുമ്പോൾ ആ കലങ്കുനിടയിൽ വിഷപാമ്പ് ഉണ്ടായിരുന്നുവെങ്കിൽ അതിന്റെ കടിയേറ്റ് താനും മരിച്ചു പോയിരുന്നുവെന്ന് ആശിച്ചതായും വെസ്ലി തന്റെ മൊഴിയിൽ രേഖപ്പെടുത്തി. ഭക്ഷണം കഴിക്കുന്നതിൽ വിമുഖത കാട്ടിയിരുന്ന ഷെറിനു പ്രായത്തിനു തക്കതായ തൂക്കം ഇല്ലാത്തതിനാൽ ഡോക്ടർമാർ മാതാപിതാക്കളോട് ഭക്ഷണം കഴിപ്പിക്കുവാനായി നിർദ്ദേശിച്ചിരുന്നതായും, കുട്ടിക്ക് മരണം സംഭവിച്ചതിനാൽ ഗവണ്മെന്റ് ഏജൻസിയായ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസസ് (CPS) തനിക്കും കുടുംബത്തിനും എതിരെ നടപടിയെടുക്കു മെന്നുള്ള ഭീതിയിലാണു താൻ കുഞ്ഞിന്റെ തിരോധാനത്തെപറ്റി അസത്യങ്ങൾ പറഞ്ഞത് എന്നും വെസ്ലി പറഞ്ഞു. എന്നാൽ അല്പം കൂടി സാമാന്യ ബോധത്തോടും, ഭീതിയില്ലാതെയും പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാവുകയില്ലായെന്നും, തന്റെ പ്രവർത്തിയിൽ താൻ തന്നെ അഹസ്യപ്പെടുന്നതായി വെസ്ലി പ്രസ്താവിച്ചു. ജീർണ്ണിച്ച മൃതശരീരത്തിന്റെ ചിത്രങ്ങൾ വാദിഭാഗം വക്കീൽ ജൂറി അംഗങ്ങളെ കാണിച്ചിരുന്നു. ശിക്ഷ ജീവപര്യന്തം ആണെങ്കിലും, 30 വർഷത്തിനുശേഷം പരോളിനു സാദ്ധ്യതയുണ്ട്. ഇന്നത്തെ വിധിപ്രസ്താവന കഠിനവും, ക്രൂരവുമായ ഒന്നാണെന്നാണു പ്രതിഭാഗം വക്കീൽ പ്രതികരിച്ചത്.

വാർത്ത: സാം മാത്യു, ഡാളസ്.